വികസന തിളക്കം
February 17, 2016
ആരാധനാലയങ്ങള്‍
February 17, 2016

കളരി

ചിത്രകാരന്മാരുടെ ഗ്രാമം, ചിത്രശലഭങ്ങളുടെ ഗ്രാമം, ശുചിത്വ മാതൃകാ ഗ്രാമം തുടങ്ങിയവയാണ് കതിരൂരിന്‍റെ വര്‍ത്തമാനകാല വിശേഷങ്ങള്‍. എന്നാല്‍ പണ്ടു പണ്ടേ കതിരൂരെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലുണരുക, കളരി സമ്പ്രദായവുമായി ബന്ധപ്പെട്ട് വടക്കന്‍ പാട്ടുകളിലൂടെ പ്രസിദ്ധിയാ ര്‍ജിച്ച കതിരൂര്‍ ഗുരിക്കളും ഒതേനനും അവരന്യോന്യം അങ്കം വെട്ടിയ പൊന്നിയത്ത് ഏഴരക്കണ്ടവും ഒക്കെയാണ്. അതെ, കളരികളുടെയും കളരിഗുരിക്കന്മാരുടെയും കളരിയഭ്യാസികളുടെയും ദീര്‍ഘമായ ഒരു പാരമ്പര്യം കതിരൂരിനുണ്ട്. കതിരൂര്‍ ഗ്രാം ആ പാരമ്പര്യം ഇന്നും നിലനിര്‍ത്തുകയും ചെയ്യുന്നു.

കേരളത്തില്‍ കളരികളുടെ തുടക്കം

മദ്ധ്യകാലത്തോടുകൂടി കേരളീയ ജീവിതം ആയോധനപ്രധാനമായി പരിണമിച്ചതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ കളരി സമ്പ്രദായത്തിന്‍റെ ആരംഭത്തെക്കുറിച്ച് അന്വേഷിച്ച ഇളംകുളം കുഞ്ഞന്‍പിള്ളയെപ്പോലുള്ള ചരിത്രകാരന്മാര്‍ കരുതുന്നത്, രണ്ടാം ചേര സാമ്രാജ്യത്തിലെ ഒടുവിലത്തെ രാജാവായ രാമവര്‍മ്മ കുലശേഖരന്‍റെ കാലത്താകാം കളരികളുടെ ആരംഭം എന്നാണ്. ചോളപാണ്ഡ്യരാജാക്ക ന്മാരെ നേരിടുന്നതിനുള്ള സൈന്യത്തെ സജ്ജീകരിക്കുന്നതിനായി നാടുകള്‍ തോറും കളരികള്‍ സ്ഥാപിച്ച് യുവാക്കളെ അഭ്യസിപ്പിച്ച് യോദ്ധാക്കളാക്കി മാറ്റുകയാണ് അന്നു ചെയ്തത്. കുലശഖര രാജവംശത്തിന്‍റെ അവസാന നാളുകളില്‍ തന്നെ കേരളം പതിനേഴോ, പതിനെട്ടോ നാടുകളായി തിരിയുകയും ഓരോ നാട്ടിലേയും നാടുവാഴികള്‍ സ്വതന്ത്രരാജാക്കന്മാരെ പ്പോലെ പെരുമാറികയും ചെയ്തുവത്രെ. അധികാരം നിീലനിര്‍ത്താനും രാജ്യവിസ്തൃതി കൂട്ടാനുമുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പലപ്പോഴും പരസ്പരം യുദ്ധം ചെയ്യേണ്ടി വന്നു. ഇങ്ങനെ യുദ്ധം ചെയ്യുന്നതിന് ഓരോ നാടുവാഴിക്കും പരിശീലനം സിദ്ധിച്ച ഭടന്മാര് ആവശ്യമായിരുന്നു. അതിനായി അവര് തങ്ങളുടെ നാടുകളില് കളരികള് സ്ഥാപിക്കുകയും യുവാക്കള്‍ക്ക് പരിശീലനം നല്‍ക്കാനുള്ള ഏര്‍പ്പാടുക ളുണ്ടാക്കുകയും ചെയ്തു. 13 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളില്‍ വ്യവസ്ഥാപിതമായ ഒരു കായികഭ്യാസ പദ്ധതി തന്നെ കേരളത്തില്‍ നിലനിന്നിരുന്നു. ഗ്രാമങ്ങള് തോറുമുള്ള പഴയകളരികളില് കൂടിയാണ് അക്കാലത്ത് അഭ്യാസനം നടത്തിയിരുന്നത്. നൂറും ഇരുനൂറും കളരികുടെ മേല്‍ന്നോട്ടം വഹിച്ചിരുന്ന ഗുരിക്കന്മാരെപ്പറ്റി വടക്കന്പാട്ടില് പരാമര്‍ശമുണ്ട്.

 

കതിരൂര്‍ ഗുരിക്കളും തച്ചോളി ഒതേനനും

കോട്ടയം രാജവംശത്തിന്‍റെ അധീനതയിലുണ്ടായിരുന്ന പതിനാറ് അംശങ്ങളില് ഒന്നായിരുന്നു പണ്ട് കതിരൂര്‍. തന്‍റെ ഭടന്മാരെയും കുടുംബാംഗങ്ങളെയും കളരിവിദ്യ അഭ്യസിപ്പിക്കുന്നതിനുവേണ്ടി കോട്ടയം തമ്പുരാന് ക്ഷണിച്ചുവരുത്തി പുരയും പുരയിടവും നല്‍കി കുടിയിരുത്തിയ കുടുംബത്തില്‌പ്പെട്ട ആളാണ് പില്‍ക്കാലത്ത് കതിരൂര്‍ ഗുരിക്കള് എന്ന പേരില് അറിയപ്പെട്ട ആയോധനാചാര്യന്. കതിരൂരിലെ നാമധേയം കളരിയഭ്യാസവുമായി ബന്ധപ്പെടുത്തി അനശ്വരമാക്കിത്തീര്‍ത്ത ത് കതിരൂര്‍ ഗുരിക്കളാണെന്ന കാര്യത്തില് സംശയമില്ല. തച്ചോളി ഒതേനന് പൊന്നിയന് പടക്കുപോയ പാട്ടുകഥ എന്ന വടക്കന് പാട്ടിലാണ് ഒതേനനും കതിരൂര്‍ ഗുരിക്കളും തമ്മില് പൊന്നിയത്തേഴരകണ്ടത്തില്‍വെച്ച്  നടന്ന അങ്കത്തിന്‍റെ കഥ വിവരിച്ചിട്ടുള്ളത്. പാട്ടില് പലേടത്തും കതിരൂര്‍  ഗുരിക്കളെ മതിലും ഗുരിക്കളെന്നും മതിലൂര് ഗുരിക്കളെന്നുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മതിലൂര്  ഗുരിക്കളും കതിരൂര്‍ ഗുരിക്കളും ഒരാള് തന്നെയെന്ന കാര്യത്തില് സംശയത്തിനവകാശമില്ല.

പൊന്നയത്തങ്കത്തിന്‍റെ കഥ

ഒളവണഅമൂര്‍ക്കാവില് ഒതേനന്  പണികഴിപ്പിച്ച പന്തല്‍പ്പണി കാണാന് ചെന്നതായിരുന്നു മതിലും ഗുരിക്കെളും ശിഷ്യന്മാരും. ഗുരിക്കളെ ദൂരെ നിന്ന് കണ്ടപ്പോഴേ ഒതേനന് കക്കാടന്‍ മൂത്ത ഗുരുക്കളോട് പറയുന്നു.

മതിലും ഗുരിക്കള് വരുന്നുണ്ടല്ലോ

ഗുരിക്കളോട് കൊണ്ടുവെക്കും ഞാനോ

കക്കാടന്‍ മൂത്തഗുരിക്കള്‍ ഗുരു നിന്ദയില്‍ നിന്ന് ഒതേനനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ട്.

ഊയിയറവിലെ കുഞ്ഞിയൊതേനാ

ഗുരിക്കളോടു കൊണ്ടുവെക്കരുതേ

മതിലും ഗുരിക്കളങ്ങാനിപ്പോഴെ

പതിനായിരത്തിനും ഗുരിക്കളല്ലേ

എന്‍റെയും നിന്‍റെയും ഗുരിക്കളല്ലേ

ഇതിനുള്ള ഒതേനന്‍റെ മറുപടി ഇങ്ങനെയാണ്.

പകിനായിരം ശിഷ്യരുണ്ടെന്നാലും

എന്‍റെ ഗുരിക്കളുമാണെങ്കിലും

കുഞ്ചാരനല്ലേ കുലമവനോ

എന്‍റെ തല മണ്ണില്‍കുത്തുവോളം

കുഞ്ചാരനാചാരം ഞാന്‍ ചെയ്യൂല

പാട്ടിലം ഈ സന്ദര്‍ഭം വായിക്കുമ്പോള് നമുക്ക് തോന്നുക ഒതേനന് ഗുരിക്കളോട് വഴക്കിടാന്‍ മനപ്പൂര്‍വ്വം കാരണമുണ്ടാക്കുകയായിരുന്നു എന്നാണ്. ഗുരിക്കള്‍ ക്ഷേത്രനടയിലെ പിലാവിനോട് തന്‍റെ പുത്തന്‍ തോക്ക് ചാരിവെച്ചത് കണ്ട് ഒതേനന്‍ പറയുന്നത്,

പൊന്‍കുന്തം ചാരം പിലാവോടിപ്പോള്‍

മംകുന്തം ചാരിയതാരാകുന്നു – എന്നാണ്.

ശാന്ത ചിത്തമായി,

അറിയാതെടംകൊണ്ട് ചാരിപ്പോയി

അറിഞ്ഞേടംകൊണ്ടിങ്ങെടുത്തോളാലോ

എന്നു പറഞ്ഞുകൊണ്ട് തോക്കെടുക്കാന‍ ഗുരിക്കള്‍ തുനിയിന്നതിനിടയില്‍ തോക്ക് കടന്നെടുത്തു കൊണ്ട് ഒതേനന്‍ ഗുരിക്കളെ അപമാനിക്കാന്‍ വേണ്ടിത്തന്നെ പറയുന്നു,

ഇപ്പോള്‍ പണിയിച്ച പുത്തന്‍ തോക്ക്

മയിലെ വെടിവെക്കാന്‍ നല്ല തോക്ക്

ഇത്രയുിം അപമാനിതനായപ്പോഴാണ് ഗുരിക്കള്‍ പ്രകോപിതനാകുന്നതും അങ്കം കുറിക്കുന്നതും.

ആളേറെക്കുടിയ കൂട്ടത്തിന്നു

കുലപ്പേരു എണ്ണിയില്ലേ നീയോതേനാ

നമ്മളില്‍ പോരുന്നതും പോരാത്തതും

പൊന്നിയത്തരയാക്കീന്നാട്ടോതേനാ

മയിലുവെടിവെക്കാന്‍ വന്നോതേനാ

നിനക്കു കൊതിയേറെയുണ്ടെങ്കിലോ

മയിലായിഞാനാടിവന്നോളാലോ

പൂവനെങ്കില്‍ കൂവിത്തെളിയുംഞാനേ

പെടയെങ്കില്‍ വാലാട്ടിപ്പോകുമല്ലോ

അന്നേരം വെടിവെച്ചോനീയൊതേനാ

ഒരു പക്ഷെ, ഒതേനന്‍ ഗുരിക്കളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതാണദ്ദേഹം ചോദിച്ചത്,

മതിലും ഗുരിക്കളെ നിങ്ങളോട്

നല്ലയുറപ്പോകളിയോയിത്

അതിനുള്ള ഗുരിക്കളുടെ മറുപടി,

നല്ലയുറപ്പുതന്നെകുഞ്ഞിയൊതേനാ

മേലിലുവരുന്നോരുകുംഭമാസം

ഒമ്പതും പത്തും പതിനൊന്നിനും

മൂന്നുദിവസം പടയൊതേനാ

എന്നിങ്ങനെ അങ്കം കുറിക്കലായിരുന്നു. അങ്കനുനാള്‍  അടുത്തുവന്നപ്പോള്‍ ഒതേനന്‍ സുഹൃത്തായ ഒതയോത്തെടത്ത് കണ്ടാച്ചേരി ചാപ്പനോടൊപ്പം പട്ടായിട്ടും പട്ടുനൂലായിട്ടും മുന്നൂറ് പണത്തിന് ചരക്കു വാങ്ങാന്‍ കോഴിക്കോട്ടങ്ങാടിയിലേക്ക് പുറപ്പെടുന്നുണ്ട്. ഒതേനന്‍റെ പടക്കും പ്രേമത്തിനും എങ്ങും സഹായിയായി നിന്നത് ഈ കണ്ടാച്ചേരി ചാപ്പനായിരുന്നു. പൊന്നിയത്തേഴരക്കണ്ടത്തില്  കുംഭം ഒമ്പത്, പത്ത്, പതിനൊന്ന് തീയ്യതികളില് സൂചിക്കിരുമ്പിനു പഴുതുമില്ലാതെ പച്ചമരുന്നിനു മുറിയുമില്ലാതെ പടക്കോഴി കൊത്തിപ്പിരിയും പോലെ മൂന്നു ദിവസം പോരുതിയിട്ടും ജയാപരാജയങ്ങള്  നിശ്ചയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കതിരൂര്‍ ഗുരിക്കള്‍ ഒതേനനോട് പറഞ്ഞു,

തച്ചോളിഓമനകുഞ്ഞൊതേനാ

കള്ളച്ചുമടുവെച്ചടിക്കുഞാനെ

നല്ലോണം നോത്തിത്തടുത്തോനീയെ

ഗുരിക്കള്‍ കള്ളച്ചുവെച്ചടിക്കുന്നു. പക്ഷെ ഒതേനനത് തടുക്കുന്നു. തുടര്ന്ന്,

മതിലും ഗുരിക്കളെ നിങ്ങളോട്

പൂഴിക്കടവനടിക്കും ഞാനോ

എന്നുഫറഞ്ഞുകൊണ്ട് ഗുരിക്കളുടെ അടിക്കും മുടിക്കും തിരുമേനിക്കും പൂഴിക്കടവനടിക്കുന്നു. ആദ്യം ഗുരിക്കളുടെ വാളും കൈകൊത്തി പിന്നത്തെ കൊത്തിന് ഗുരിക്കളെ രണ്ടുമുറിയാക്കി.

അങ്കം ജയിച്ച് പടക്കളത്തില്‍ നിന്ന് പോയ ഒതേനന്‍ തന്‍റെ മറന്നുപോയ മടിയായുധമെടുക്കാന് മറ്റുള്ളവരുടെ വിലക്ക് വകവെക്കാതെ തിരിച്ചു വരുന്നു. പൊന്നിയത്തേഴരക്കണ്ടത്തിന്‍റെ വലിയ വരമ്പ് തുറന്ന് മറഞ്ഞിരുന്ന ചുണ്ടങ്ങാപൊയില്‍ മായന്‍കുട്ടി തന്‍റെ ഗുരുനാഥന്‍റെ ഘാതകന്‍റെ നെറ്റിത്തടെനോക്കി വെടിവെച്ചു. പല്ല മരുന്നുവെച്ചുകെട്ടി ഒരുതരത്തില്‍ തിരിച്ചു വീട്ടിലെത്തി. തന്നെ സഹായിക്കാത്ത ചാപ്പനോട്,

കൊണ്ടുനടന്നതും നീയേചാപ്പാ

കൊണ്ടുപോയി കൊല്ലിച്ചതും നീയെചാപ്പാ

എന്നു പറഞ്ഞുകൊണ്ട് മരിച്ചു വീഴുന്നു.

വില്യം ലോഗന്‍ മലമ്പാര്‍ മാന്വലില്‍ തച്ചോളി ഒതേനന്‍ പൊന്നിയം പടക്ക് പോയ കഥ എന്ന പേരില്‍ ഇംഗ്ലഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തി ട്ടുള്ള പാട്ടിലെ കഥ ഇതില്‍ നിന്നും തികച്ചും വിത്യസ്തമാണ്. ഒരേ സംഭവത്തെക്കുറിച്ചുതന്നെ വ്യത്യസ്തങ്ങളായ പാട്ടുകള്‍ നിലവിലുണ്ടായി രുന്നതു കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്.പൊന്നിയത്തേഴരക്കണ്ടത്തില്‍ വെച്ചുനടന്ന പൊയ്ത്തിന്‍റെ പിന്നില്‍ ആ കാലഘട്ടത്തിന്‍റെ പ്രത്യേകത യായിരുന്ന സവര്‍ണ്ണാവര്‍ണ്ണബോത്തിന്‍റെ പ്രവര്‍ത്തനം അല്പമായെങ്കിലും ഇല്ലേ എന്ന് ഒരാള്‍ക്ക് സംശയിക്കാവുന്നതാണ്. വാളിനും ഉറുമിക്കും പകരം തോക്ക് നശീകരണായുധമായി കടന്നു വരുന്നതിന്‍റഎ ചരിത്രാത്മക ചിത്രീകരണം കൂടി ഈ കഥയില് ദര്‍ശിക്കാവുന്നതാണ്. വടക്കന്‍ പാട്ടിലൂടെ പ്രസിദ്ധമായിത്തീര്‍ന്ന കതിരൂരിലെ പൊന്നിയത്തേഴരക്കണ്ട ത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം 2015 മെയ് 12ന് പൊന്ന്യം കേളിയുടെ ആഭിമുഖ്യത്തില്‍ കളരിപയറ്റവതരണം നടന്നു. വടകര ചൂരക്കൊടി കളരി സംഘം, പുല്ല്യോട് ഗുരുകുലം കളരി സംഘം, കുറ്റേരിച്ചാല്‍ ഗുരുകൃപ കളരി സംഘം എന്നിവരാണ് അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചത്.

കളരി സംഘത്തിന്‍റെ അപചയം

പാശ്ചാത്യരുടെ ആഗമനത്തോടെ കളരികള്‍ നാശോന്മുഖങ്ങളായി ത്തുടങ്ങി. തോക്കില്‍ നിന്നും പീരങ്കിയില്‍ നിന്നും ചീറിവരുന്ന തീയുണ്ടക്കളെ തടുക്കാന്‍ വാളും പരിചയും പോരെന്നു വന്നു. സൈന്യ പരിശാലനത്തിന്‍റെ രീതികള്‍ തന്നെ മാറി. അതോടെ കേരള മാഹാത്മ്യ ത്തിലും വടക്കന്‍ പാട്ടുകളിലും മറ്റും വിവരിക്കുന്ന പതിനെട്ട് അടവുകളട

ക്കം പൂര്‍ണ്ണരൂപത്തിലുള്ള അഭ്യസനം കളരികളില്‍ ഇല്ലാതായി. പകരം മനസ്സിനേകാഗ്രതയും ശരീരത്തിനാരോഗ്യവും വഴി ആത്മരക്ഷക്കുതകുന്ന തരത്തിലുള്ള മുറകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിശീലന സമ്പ്രദായങ്ങള്‍ നിലവില്‍ വന്നു.

പുനരുജ്ജീവന പരിശ്രമങ്ങള്‍

വടക്കന്‍ കേരളത്തില്‍ ഈ ആയോധനകലയെ  പുനരുജ്ജീവിപ്പിക്കു വാന്‍ ശ്രമിച്ചവരില്‍ പ്രധാനികള്‍ കോട്ടക്കല്‍ കണാരി ഗുരിക്കലഉും അവരുടെ ശിഷ്യന്മാരുമായിരുന്നു. സി വി നാരായണന് ഗുരിക്കളും പാനൂര്‍ ശങ്കരന്‍ ഗുരിക്കളും ആയിരുന്നു കോട്ടക്കല്‍ കണാരി ഗുരിക്കളുടെ പ്രധഝാന ശിഷ്യന്മാര്‍. പാനൂര്‍ ശങ്കരന്‍ ഗുരിക്കളുടെ ശിഷ്യ പരമ്പരയി ല്‍പ്പെട്ട കണ്ടി കുഞ്ഞമ്പു ഗുരിക്കള്‍, കോല്‍ക്കണ്ടി കുഞ്ഞപ്പ ഗുരിക്കള്‍, പിലാക്കണ്ടി കൃഷ്ണന്‍ ഗുരിക്കള്‍, കുഞ്ഞേരി കുഞ്ഞിരാമന്‍ ഗുരിക്കള്‍, ചിങ്ങന്‍ ചന്തു ഗുരിക്കള്‍, ഓലായിക്കര ചന്തു ഗുരിക്കള്‍ തുടങ്ങിയവരും അവരുടെ ശിഷ്യന്മാരായിരുന്ന കോയപ്പാള്‍ ശങ്കരന്‍ ഗുരിക്കള്‍, എം കെ ഗോപാലന്‍ ഗുരിക്കള്‍ എന്നിവരും അവരുടെ ശിഷ്യന്മാരായ കോയപ്പാള്‍ കുമാരന്‍ ഗുരിക്കള്‍, എം സി നാണു ഗുരിക്കള്‍, എടവലത്ത് വാസു ഗുരിക്കള്‍, ചിങ്ങന്‍ ശ്രീധരന്‍ ഗുരിക്കള്‍, നെയ്യന്‍ ഗോവിന്ദന്‍ ഗുരിക്കള്‍ തുടങ്ങിയവരുമാണ് കതിരൂരിലും പരിസര പ്രദേശങ്ങളിലും കളരികള്‍ സ്ഥാപിച്ച് കളരി പാരമ്പര്യത്തിന്‍റെ സംരക്ഷകരായി തീര്‍ന്നത്. ശ്രീ എം കെ ഗോപാലന്‍ ഗുരിക്കള്‍ സ്ഥാപിച്ച എം കെ പി കളരി സംഘം കോയപ്പാള്‍ ശങ്കരന്‍ ഗുരിക്കളും കുമാരന്‍ ഗുരിക്കളും ശിഷണം നല്‍കിയിരുന്ന പള്ളത്ത് പീടികക്ക് സമീപമുണ്ടായിരുന്ന കളരി, ശ്രീ എം സി നാണു ഗുരിക്കള്‍ പുല്ല്യോട് സ്ഥാപിച്ച ഗുരുകുലം കളരി തുടങ്ങിയ ആയോധനകലാഭ്യാസന കേന്ദ്രങ്ങള്‍ കതിരൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളുടെ ആരോഗ്യ പരിപാലന യജ്ഞങ്ങള്‍ നടത്തുകയുണ്ടായി. ഈ കളരികളില്‍ പരിശീലനം നേടിയ യുവാക്കള്‍ കേരളത്തിലും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കതിരൂരിന്‍റെ കളരി പാരമ്പര്യ കീര്‍ത്തി എത്തിക്കുകയുണ്ടായി.

കേരളത്തിനകത്ത്

തിരുവനന്തപുരത്ത് 2012 നവംബറില്‍ വിവിധ രാജ്യങ്ങളില് ‍ നിന്നുള്ള ആയോധന കലാഭ്യാസികളുടെ ഒരു മത്സരം നടക്കുകയുണ്ടായി. ആ മത്സരത്തോടനുബന്ധിച്ച് ശ്രീ ശൈലേഷ് ഗുരിക്കളുടെ നേതൃത്വത്തില്‍ പുല്ല്യോട് കളരിസംഘം കളരി അഭ്യാസ പ്രദര്‍ശനം നടത്തുകയുണ്ടായി. ശ്രീ സദാശിവന്‍ ഗുരിക്കളുടെ മേല്‍നോട്ടത്തിലുള്ള കുറ്റേരിച്ചാല്‍ ഗുരുകൃപ കളരി സംഘം കേരളത്തിലെ എല്ലാ ജില്ലകളിലും കളരിയഭ്യാസ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 2014ല്‍ ഓണാഘോത്തോടനുബന്ധിച്ച് പെണ്‍ക്കുട്ടികളുടെ കളരി പ്രദശനവും ഇവര്‍ നടത്തുകയുണ്ടായി.

 ഭാരതത്തിലെ അന്യ സംസ്ഥാനങ്ങളില്‍

കേരളത്തിന്‍റെ പുറത്ത് പല സംസ്ഥാനങ്ങളിലും കളരി സംഘങ്ങള്‍ അവരുടെ അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എം കെ ജി കളരിസംഘം ബാംഗ്ലൂര്‍, ഹൈദരബാദ്, ജാംഷേദ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ കളരി പയറ്റ് പ്രദര്‍ശനം നടത്തിയിട്ടുണ്ട്. പുല്ല്യോട് ഗുരുകുലം കളരി സംഘം മധ്യപ്രദേശിലെ ജബുവ, രാജസ്ഥാനിലെ ആര്‍മി ക്യാമ്പ്, ബോംബെ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ മാട്ടുംഗ എന്നിവിടങ്ങളില്‍  കളരിപയറ്റ് അവതരണം നടത്തി. പുല്ല്യോട് ഗുരുകൃപ കളരി സംഘം ബാംഗ്ലൂരിലെ ടിപ്പു സാന്ദ്ര, കദ്ദാസപുര, മഹാദേവപുര എന്നിവിട ങ്ങലിലും ചെന്നെ ചിന്മയ നഗറിലും, സാലിഗ്രാമിലുിം പ്രദര്‍ശനങ്ങല്‍ മടത്തിയിട്ടുണ്ട്. ശ്രീ സദാശിവന്‍ ഗുരിക്കള്‍ ഇവിടങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം പത്ത് വര്‍ഷത്തോളമായി കളരി ചികിത്സയും നടത്തിവരുന്നു, ഗുരുദേവ കളരി സംഘം, ഗുരുകുലം കളരി സംഘം, കേരളം കലരി സംഘം, ഹിന്ദുസ്ഥാന്‍ കളരി സംഘം എന്നിവിടങ്ങളില്‍ നിന്നൊക്കെ ശിഷണം നേടിയ മലാലിലെ ശ്രീ രാജേഷ് ഗുരിക്കള്‍ 2010 ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ കോമണ്‍വല്‍ത്ത് ഗയിംസിന്‍റെ സമാപന പരിപാടിയില്‍ കളരിപയറ്റ് അവതരിപ്പിച്ചു. കേരളത്തില്‍ നിന്ന് 103 അഭ്യാസികളെ തെരഞ്ഞെടുത്തതില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കതിരൂര്‍ക്കാരായ ശ്രീ രജീഷും ഷാജിയും മാത്രമാണ് ഉണ്ടായിരുന്നത്. പുല്യോട് വടക്കുംനാഥന്‍ കളരിയുടെ സ്ഥാപകനായ ശ്രീ രാമചന്ദ്രന്‍, എം സി നാണു ഗുരിക്കളുടെ ശിഷ്യനാണ്. ഗുരിക്കളേടൊപ്പം ബാംഗ്ലൂരില്‍ നടത്ത സാര്ക്ക് സമ്മേളനത്തില് കളരിപയറ്റ് അവതരിപ്പിച്ചു. പിന്നീട് ചിക്മഗ്ലൂരില്‍ കളരിപയറ്റ് പ്രദര്‍ശനം നടത്തി.

വിദേശങ്ങളില്‍

കളരിമുറകളുടെ അവതരണത്തിലൂടെ വിദേസ രാജ്യങ്ങളിലും കതിരൂരിന്‍റെ കീര്‍ത്തി എത്തിക്കാന്‍ നമ്മുടെ കളരി സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1983 ഫെര്റിവെല്‍ ഓഫ് ഇന്ത്യ എന്ന പേരിയില്‍ അമേരിക്കയില്‍ നടന്ന ഭാരതോത്സവത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള കലാകാരന്മാര് പങ്കെടുത്തിരുന്നു. കേരളത്തില് നിന്ന് ആയോധനകലയായ കളരിപയറ്റിനാണ് പ്രാതിനിധ്യം കിട്ടിയത്. കതിരൂരിലെ എം കെ ജി കളരി അഭ്യസിച്ച സര്‍വ്വശ്രീ മുരിക്കോളി രവീന്ദ്രന്‍, ശ്രീ ഘണേശന്‍, പൊയ്യേരി ബാലന്‍, വിശ്വനാഥന്‍ ഗുരിക്കള്‍ എന്നീ അഞ്ചു പേരടങ്ങിയ സംഘമാണ് അന്ന് കളരിമുറകള്‍ അവതരിപ്പിച്ചത്. രണ്ടു മാസക്കാലം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍പര്യടനം നടത്തിയ ഈ സംഘം അവിടെ 54 ജില്ലകളില്‍ ഓരോ കേന്ദ്രത്തില്‍ പ്രദര്‍ശനം കാഴ്ചവെക്കുകയുണ്ടായി.

പുല്യോട് ഗുരുകുലം കളരിയുടെ സ്ഥാപകനായ ശ്രീ എം സി നാണു ഗുരിക്കളുടെ മകനും ശിഷ്യനുമായ ശ്രീ ശൈലേഷ് ഗുരിക്കള്‍ ജപ്പാനിലെ വസേദ യൂനിവേഴ്സിറ്റി, റിട്സ് മെയ്ക്കിന്‍ യൂനിവേഴ്സിറ്റി, മെയ്ജിന്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില് ഡമോസേഷന് ക്ലാസ്സുകള് അവതരിപ്പി ക്കുകയുണ്ടായി. ഈ മൂന്ന് യൂനിവേഴ്സിറ്റികളിലും ഇപ്പോള്‍ കളരി അദ്ധ്യപികയായ ക്യോകോ തകാഹാഷ് യൂനിവേഴ്സിറ്റി സ്കോളര്‍ഷി പ്പോടു കൂടി കളരി സമ്പ്രദായത്തെക്കുറിച്ച് ഗവേഷണം നടത്തിയത് പുല്യോട് ഗുരുകുലം കളരിയിലാണ്. വസേദ യൂനിവേഴ്സിറ്റിയില്‍ ശൈലേഷ് ഗുരിക്കളുടെ ഡമോസേഷനോടൊപ്പം കതിരൂര്‍ ഗ്രാമപഞ്ചായ ത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന ശ്രീ കുട്ടിശങ്കരന്‍ മാസ്റ്ററുടെ കളരിയഭ്യാസത്തെ കുറിച്ചുള്ള പ്രബദ്ധാവതരണവും ഉണ്ടായിരുന്നു. 20 ദിവസം വസദേവ യൂനിവേഴ്സിറ്റിയില്‍ ശൈലേഷ് ഗുരിക്കല്  അവതരിപ്പിച്ച മെയ്പയറ്റ് ശരീരമാസകലം നിരവധി സുഷുമയന്ത്രങ്ങള്‍ ഘടിപ്പിച്ച് പയറ്റിനിടയില്‍ ശരീരത്തിനുണ്ടാവുന്ന ആന്തരികവും ബാഹ്യവുമായ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കേരളത്തിലെ രണ്ട് ഹൈസ്കൂളുകളിലും സര്‍ക്കാര്‍ കളരിപഠനം അനുവദിച്ചു. അദ്ധ്യാപകരെയും നിയമിച്ചിരുന്നു. അവയിലൊന്ന് കതിരൂര്‍ ഗവ. ഹൈസ്കൂളും മറ്റേത് ചെറുപ്പുളശ്ശേരി ഹൈസ്കൂളുമായിരുന്നു. എന്നാല്‍ 1980തോടുകൂടി കതിരൂര് ഹൈസ്കൂളില് ഗവ. ആഭിമുഖ്യത്തിലുള്ള കളരിപഠനം അവസാനിപ്പിച്ചു. ഇപ്പോള് ഇതാ മൂന്നര പതിറ്റാണ്ടിനു ശേഷം കതിരൂര്  ഗവ. വെക്കേഷണല് ഹൈസെക്കന്‍ററി സ്കൂളില് കളരി വീണ്ടും സജീവമാകുന്നു. പി ടി ഐ യുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളരി മുറകള്‍ പരിശീലിക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നു. കേരള കളരി പയറ്റ് അസോസിയേഷന്‍ കേരളത്തിലെ സ്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ സിലബസിന് അനുസരിച്ചുള്ള ഇനങ്ങള്‍ മാത്രമാണ് ഇവിടെ പഠിപ്പിക്കുക.

ഏകീകരണമില്ലാത്തതുകൊണ്ട് ഇന്നത്തെ നിലയില് കളരിപയറ്റിനെ കായികകലകളുടെ കൂട്ടത്തില് ഉള്‍പ്പെടുത്താന്‍ വിഷമമുണ്ടെന്നാണ് സ്പോട്സ് കൌണ്‍സില് പ്രതിനിധികലുടെ അഭിപ്രായം. ഏകീകരണത്തിനുള്ള ശ്രമങ്ങള് നടത്തുന്നുണ്ട്. അത് വിജയിച്ചാല് ഈ ആയോധനകലയെ ഫിസിക്കല് എഡുക്കേഷന് കോളേജുകളുടെ സിലബസ്സില് ഉള്‍പ്പെടുത്താനാകും അതുവഴി കതിരൂര്‍ കെടാതെ സൂക്ഷിച്ചുപോന്ന കേരളത്തിന്‍റെതു മാത്രമായ  ഈ ആയോധനകലാ നാളത്തിന് ശാശ്വതമായ നിലനില്പ്പ് ഉണ്ടാവുകയും ചെയ്യും

 

 

 

 

 

Comments are closed.

BeTheme WordPress Theme