കളരി
February 17, 2016
മലമ്പാറിലെ ആദ്യ ഗ്യാസ് ശ്മശാനം
February 17, 2016

ആരാധനാലയങ്ങള്‍

        മതപമോ ആത്മീയമോ ആയ ആരാധനാലയങ്ങളാണ് ക്ഷേത്രങ്ങളും കാവുകളും. എന്നാല്‍ കാവുകള്‍ എന്നത് മരക്കൂട്ടം, ഉദ്യാനം, കാട്, ക്ഷേത്രം എന്നീ അര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍‍ അവ ജൈവവൈവിധ്യവുമായി ഏറെ ബന്ധപ്പെട്ടതാണ്. അരയാല്, ചമത. ചെമ്പകം, കാഞ്ഞിരം, കണിക്കൊന്ന, എരഞ്ഞി, കൂവളം, മാവ്, പ്ലാവ്, പാരിജാതം, പുളി, പാല തുടങ്ങിയ  ഏതാനും വൃക്ഷങ്ങള്‍ അവിടെ പരിപാലിക്കപ്പെട്ടുപോരുന്നു. ശില്പചാതുരിയുടെയും പ്രകൃതിഭംഗിയുടെയും പൂജാവിധികളുടെയും സമ്മോഹന സമ്മേളനം ക്ഷേത്രങ്ങളില്‍ നമുക്ക് ദര്‍ശിക്കാന്‍  കഴിയും.

കതിരൂര്‍ ഗ്രാമപഞ്ചായത്തില് ആരാധനാലയങ്ങള്‍ ഏറെയുണ്ട്. അവയെല്ലാം സാമൂഹ്യവികസനത്തിന്‍റെ പാതയിലൂടെ വഴിവിളക്കുകളാണ്. സഹവര്ത്തിത്വവും സമാധാനവും പ്രകൃതി സ്നേഹവും കൂട്ടികലരുന്ന ഒത്തുചേരലുകളാണ് ആരാധനാലയങ്ങളിലെ ഉത്സവനാളുകള്‍. അതിനാല്‍ നമ്മുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചറിയാന്‍ ആരാധനാലയങ്ങളെ കുറിച്ചുള്ള ഒരവബോധം നമുക്ക് നല്ലതാണ്.

ക്ഷേത്രങ്ങള്‍

 1. ശ്രീ സൂര്യനാരായണ ക്ഷേത്രം

കതിരൂരിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് സൂര്യനാരായണ ക്ഷേത്രം. വിഷ്ണു സങ്കല്പത്തി ലുള്ള കതിരവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മേടമാസത്തിലെ രോഹിണി നാളിലാണ് ഈ ആരാധനാലയ ത്തിലെ ഉത്സവം നടത്തുന്നത്.IMG_2334

 1. തെരുവണത്തെരു ശ്രീ മഹാഗണപതി ക്ഷേത്രം.

ശ്രീ മഹാഗണപതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവന്‍, കൃഷ്ണഭൂതം, ശ്വേതഭൂതം, നരസിംഹമൂര്‍ത്തി, വേട്ടക്കൊരുമകന്‍, വയത്തൂര്‍ കൂലിയാര്‍, ശ്രീ പോര്‍ക്കലി ഭഗവതി, പുറംകാലന്‍(ഗുളികന്‍) എന്നീ സങ്കല്പങ്ങളും ഇവിടെയുണ്ട്. ശാലിയ സമുദായക്കാരുടെ പ്രധാന ആരാധനാകേന്ദ്രമാണിത്.

 1. എച്ചിപൊയില്‍ ശ്രീ മഹാഗണപതി ക്ഷേത്രം

ശ്രീ മഹാഗണപതിയെ പ്രതിഷ്ഠിച്ച ഏച്ചിപൊയില്‍ തെരുവിലെ പ്രധാന ക്ഷേത്രമാണിത്

 1. ശ്രീ കടമ്പില്‍ ക്ഷേത്രം

ചുണ്ടങ്ങാപൊയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 150ല്‍ ഏറെ വര്‍ഷത്തെ പഴക്കമിണ്ട്. ശാസ്തപ്പന്‍, ചാമുണ്ഡി, കണ്ഠകര്‍ണ്ണന്‍ കാരണവര്‍, പോതി, നാഗഭഗവത്, ഗുളികന്‍ എന്നിവ കെട്ടിയാടുന്നു. മകരമാസം 20,21,22,തീയ്യതികളിലാണ് തിറയാട്ടം.

 1. ചോഴന്‍ രയരോത്ത് പയ്യംവെള്ളി ക്ഷേത്രം

കുറുപ്പ് സമുദായക്കാരുടെ ക്ഷേത്രമാണിത്. ഭഗവതിയാണ് പ്രതിഷ്ഠ. പയ്യംവെള്ളി കാരണവര്‍, ശാസ്തപ്പന്‍, ഗുളികന്‍, വിഷ്ണുമൂര്ത്തി, വസൂരിമാല എന്നിവയാണ് തെയ്യങ്ങള്‍.

 1. ശ്രീ ധര്‍മ്മശാസ്ത്രാ ഭഗവതി ക്ഷേത്രം, പുല്ല്യോട്

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറക്കല്‍ ഇല്ലത്തിന്‍റെതായിരുന്നു ഈ ക്ഷേത്രം. പിന്നീടാണ് മാണിക്കോത്ത് തറവാട്ടുകാരുടെ കൈകളിലെത്തുന്നത്. പ്രധാന പ്രതിഷ്ഠ ശ്രീ ധര്‍മ്മശാസ്താവാണ്. ഈ ക്ഷേത്രത്തോട് ചേര്‍ന്ന് മറ്റൊരു ആരാധന കേന്ദ്രം കൂടിയുണ്ട്.

 1. പൊന്ന്യം പുതിയകാവ് (പോതിയേടം ക്ഷേത്രം)

ശ്രീ മുച്ചിലോട്ട് ഭദവതിയെ ആരാധിക്കുന്ന ഈ ക്ഷേത്രം വാണിയ സമുദായക്കാരുടെതാണ്. കുഭമാസം 4,5,6, തീയ്യതികളില്‍ കളിയാട്ടം നടത്തിവരുന്നു. മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുല്ലൂര്‍ കാളി, നരമ്പില്‍ ഭഗവതി, പുല്ലൂര്‍ കണ്ണന്‍ എന്നീ  തെയ്യങ്ങള്‍ പെരുവണ്ണന്‍ സമുദായക്കാരും, വിഷ്ണു മൂര്ത്തി തെയ്യം മലയ സമുദായക്കാരും കെട്ടുന്നു. തീയ്യ സമുദായത്തില്‍പ്പെട്ട ഒരു കലാകാരനും ഉണ്ട്. വാണിയ വിഭാഗത്തില്‍ പെട്ടവരാണ് കോമരങ്ങള്‍

 1. പൊന്ന്യം ഈങ്ങോളിക്കാവ് ദേവീ ക്ഷേത്രം

മകരമാസം 26,27,തീയ്യതികളില്‍ തിറ മഹോത്സവും നടക്കുന്ന ഈ ദേവീ ക്ഷേത്രത്തില്‍ വസൂരിമാല തമ്പുരാട്ടി, കണ്ഠകര്‍ണ്ണന്‍, ശാസ്തപ്പന്‍, ഗുളികന്‍, പോതി, കാരണവര്, വാഴൂര്‍ കരിങ്കാളി എന്നീ തെയ്യങ്ങള് കെട്ടുന്നു. ശാസ്തപ്പനു വേണ്ടിയുള്ള മേലരി, വ്രതാനുഷ്ഠാനം ചെയ്ത കോമരം കൈകൊണ്ട് വാരിയെറിയുന്ന പ്രത്യേക ചടങ്ങുണ്ട്. പണ്ടുകാലങ്ങളില്‍ അടിയറയുടെ കൂടെ ആയ്യത്താന്‍ വീട്ടുകാരുടെ ആനയെ എഴുന്നള്ളിക്കാറുണ്ട്.

 1. വലിയപുരയില്‍ ശ്രീ ഭഗവതി ക്ഷേത്രം, പുല്ല്യോട്

അടുത്തകാലത്തായി പുനരുദ്ധരിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ഏപ്രില്‍ ആദ്യവാരം 3 ദിവസം ഗുളികന്‍, കണ്ടനും പുലിയും, ശാസ്തപ്പന്‍, ഇളയിടത്ത് ഭഗവതി. വിഷ്ണൂമൂര്‍ത്തി, വസൂരിമാല എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു.

 1. പുതുശ്ശേരി പുതിയ വീട്ടില്‍ ഭഗവതി ക്ഷേത്രം (നെട്ടൂര്‍ പുതിയേടത്തി)

എഴുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത ദൈവങ്ങളെ ആരാധിച്ചിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം മുടങ്ങിയിരുന്നു. 1991ല്‍ വീണ്ടും തിറതുടങ്ങി. ശാസ്തപ്പന്‍, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി എന്നിവയാണ് കെട്ടിയാടുന്നത്. ഫെബ്രവരി 6,7,8 തീയ്യതികളിലാണ് ഉത്സവം.

 1. ശ്രീ വെള്ളുവക്കണ്ട് ദേവീ ക്ഷേത്രം

ദേവീ സങ്കല്പമായി ഒരു വിളക്ക് മാത്രം പ്രിഷ്ഠിച്ച ഈ ക് ക്ഷേത്രത്തിന് എഴുപതിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് കൈതചാമുണ്ഡി തെയ്യം ഉണ്ടായിരുന്നു. വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ വെള്ളുവ ക്കണ്ടി ബാലന്‍റെ സ്മരണയ്ക്ക് കറണ്ട് ദൈവവും കെട്ടിയാടിയിരുന്നു. കുടുംബ ക്ഷേത്രകമ്മറ്റി നടത്തുന്ന ഈ ക്ഷേത്രത്തില്‍ വലിയ മുത്തപ്പന്‍, ചെറിയ മുത്തപ്പന്‍, ഗുളികന്‍, ചുട്ടി ശാസ്തപ്പന്‍, ഭഗവതി എന്നീവയാണ് പ്രധാന തെയ്യങ്ങള്‍.

 1. ശ്രീ ഉപ്പുപറമ്പന്‍ ഗുളികന്‍ ക്ഷേത്രം

എഴുപതിലേറെ വര്‍ഷം പഴക്കമുള്ള ശ്രീ ഉപ്പുപറമ്പന്‍ ഗുളികന്‍ ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച്  31 ഏപ്രില്‍ 1 തീയ്യതികളിലാണ്. ഗുളികന്‍, രക്തചാമുണ്ഡി, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, വസൂരിമാല എന്നീ തെയ്യങ്ങള്‍ കെട്ടി യാടുന്നു.

 

 1. മറ്റു ക്ഷേത്രങ്ങള്‍
  • തേവരുള്ളതില്‍ ശ്രീ വിഷ്ണു ക്ഷേത്രം

അതിപുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുല്ല്യോട് വെസ്റ്റിലെ ഈ ക്ഷേത്രം. മുമ്പ് ഇതൊരു മഹാ ക്ഷേത്രമായിരുന്നു വെന്നും, ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്തിയിരുന്നു വെന്നും പറയപ്പെടുന്നു. പഴശ്ശി രാജാവ് യുദ്ധത്തിനു പോകു മ്പോള്‍ ഈ ക്ഷേത്രത്തിലെത്തി ആരാധന നടത്താറുണ്ടായിരുന്നു എന്നാണ് ഐതീഹ്യം.

 • കൈലാസേശ്വര ക്ഷേത്രം

അടുത്ത കാലത്ത് പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രമാണ്.

 • ശ്രീ രമാംബിക ധമം(ക്ഷേത്രം)

ശ്രീ രമാദേവിയെ ആരാധിക്കുന്ന വര്‍ക്കായി പൊന്ന്യം പറാം കുന്നില്‍ സ്ഥാപിച്ച ശ്രീ രമാംബിക ധമം(ക്ഷേത്രം) അറിയപ്പെടുന്ന ഒരു ആരാധനാലയമാണ്.

 • കുറ്റേരിക്കാവ് കീഴാറ്റിലമ്പലം
 • പടിക്കല്‍ തട്ടാന്‍ ക്ഷേത്രം
 • വണ്ണാന്‍റവിട ക്ഷേത്രം
 • കൊട്ടാരത്തില്‍ വൈരീഘാതക ഭഗവതി ക്ഷേത്രം
 • വേറ്റുമ്മല്‍ ദേവര്‍കുന്നുമ്മല്‍ ശ്രീ യോഗീശ്വര ക്ഷേത്രം
 • തെക്കെവീട്ടില്‍ പരദേവതാ ക്ഷേത്രം
 • കീഴ്കുളങ്ങര ദേവി ക്ഷേത്രം
 • കളത്തില്‍ ശ്രീ സുബ്രമണ്യ ക്ഷേത്രം
 • ചുണ്ടങ്ങാപൊയില്‍ തെനശ്ശേരി ദേവീ ക്ഷേത്രം
 • തൃപ്പങ്ങോട്ട് ശിവ ക്ഷേത്രം
 • നാലുപുരക്കല്‍ ദേവീ ക്ഷേത്രം- ആശാരിക്കാവ്
 • താഴത്ത് ശ്രീ ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം
 • പടിക്കല്‍ പറമ്പില്‍ ക്ഷേത്രം
 • കനകമഠത്തില്‍ ദേവീ ക്ഷേത്രം
 • കുറുവാങ്കണ്ടി ദേവീ ക്ഷേത്രം
 • ചിങ്ങംകണ്ടി ക്ഷേത്രം

തുടങ്ങി ധാരാളം ക്ഷേത്രങ്ങള്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിലുണ്ട്. ചിലയിടങ്ങളില്‍ ദീപാരാധനയും ശാക്തീപൂജയും മറ്റ് പൂജാകര്മ്മ ങ്ങളും  മാത്രമേയുള്ളൂ. കെട്ടിയാട്ടമില്ല.

മുമ്പുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ നമ്പിക്കാവ് കൈതചാമുണ്ഡി ക്ഷേത്രം*, പൊന്ന്യത്ത് അകത്തൂട്ട് മനക്കല്‍ ദേവീ ക്ഷേത്രം*. കരിമ്പനക്കല്‍ ക്ഷേത്രം*, ഒതയോത്ത് അമ്പലം*, മീത്തലേട്ടില്‍ ശ്രീ ഭഗവതി ക്ഷേത്രം*, താഴത്ത് മാരന്‍ വീട് ക്ഷേത്രം* തുടങ്ങിയവ പലതും ഇന്ന് ജീര്‍ണ്ണാവസ്ഥയിലോ, മണ്‍മറഞ്ഞ് കിടക്കുന്നതോ ആയ ആദ്യകാല ആരാധനാലയങ്ങളാണ്.

കാവുകള്‍

 1. പുല്ല്യോട് ശ്രീ കുറുമ്പക്കാവ്

കതിരൂരിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഒത്തുചേരുന്ന ഉത്സവ സ്ഥലമാണ് പുല്ല്യോട് ശ്രീ കുറുമ്പക്കാവ്. കുംഭം 27,28,29 തീയ്യതികളില് താലപ്പൊലി മഹോത്സവവും മീനം 27 ന് തിറ മഹോത്സവവും നടക്കുന്നു. മുഖ്യ ആരാധന മൂര്‍ത്തി ശ്രീ കുറുമ്പ ഭഗവതിയാണ്.

 1. അന്തോളി ശ്രീ കൂറുമ്പക്കാവ്

മകരമാസം 12,13 തീയ്യതികളിലാണ് തിറ കെട്ടിയാടുന്നത്. ഗുരുവാണ് പ്രധാന പ്രതിഷ്ഠ. മണിക്കുട്ടിചാത്തന്‍, ഗുളികന്‍, ചെറിയ ഭഗവതി, വലിയ  ഭഗവതി എന്നിവയാണ് തെയ്യങ്ങള്‍.

 1. ചെറുകണ്ടിക്കാവ്

ഗുളികന്‍, കുട്ടി ശാസ്തപ്പന്‍, കണ്ഠകര്‍ണ്ണന്‍,വസൂരിമാല, രക്തചാമുണ്ഡി, കരിഞ്ചാമുണ്ഡി(കൃഷ്ണ ചാമുണ്ഡി) തുടങ്ങിയ തെയ്യങ്ങളുള്ള ചെറുകണ്ടിക്കാവ് ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ആരാധനാലയമാണ്.

 1. ശ്രീ മീത്തലെ വേങ്ങരി പൊട്ടന്‍ കാവ്

90 വര്‍ഷത്തിലേറെ പഴക്കുള്ള ഈ കാവില്‍ ശിവനാണ് പ്രതിഷ്ഠ. മലയ സമുദായക്കാരുടെതാണ് ക്ഷേത്രം. പൊട്ടന്‍ ദൈവം, ഗുരു, ഗുളികന്‍, ഭഗവതി എന്നിവ കെട്ടിയാടുന്നു. അടുത്തക്കാലത്തായി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഈ കാവിലെ ആണ്ടുത്സവം ഡിസംബറ് 6,7,8 തീയ്യതികളിലാണ്.

 1. മറ്റു കാവുകള്‍
 • ആര്യക്കന്നിയെ പ്രതിഷ്ഠിച്ച കുറ്റ്യേരിക്കാവ്
 • മണ്ടോത്തുംകാവ്
 • പൊന്ന്യത്തും കാവ്
 • പുതുക്കുടി കാവ്

മടപ്പുരകള്‍

 1. പാലയാടന്‍കണ്ടി ശ്രീ കൂരാച്ചി മടപ്പുര

മടപ്പുരകളിലെ പ്രധാന ആരാധനാ മൂര്‍ത്തി ശ്രീ മുത്തപ്പനാണ്. പൈങ്കുറ്റിയാണ് മുത്തപ്പനുള്ള പ്രധാന വഴിപാട്. വലിയ മുത്തപ്പന്‍,ചെറിയ മുത്തപ്പന്‍, ഗുളികന്‍, കുട്ടി ശാസ്തപ്പന്‍, പോതി, കാരണവര്‍, മുത്താച്ചിത്തിറ എന്നിവയാണ് പാലയാട ന്‍കണ്ടി ശ്രീ കൂരാച്ചി മടപ്പുരയിലെ ദൈവ സങ്കല്പങ്ങള്‍.

 1. കാട്ടില്‍ ശ്രീ അടൂട മടപ്പുര

അടൂട മടപ്പുരയില്‍  മുത്തപ്പനു പുറമെ ചാമുണ്ഡി, കുട്ടി ശാസ്തപ്പന്‍, കണ്ഠകര്‍ണ്ണന്‍, പോതി തുടങ്ങിയ തെയ്യം തിറകള്‍ കെട്ടിയാടുന്നു.

 

 1. മറ്റ് മടപ്പുരകള്‍
 • ശ്രീ കൂടക്കല്‍ മടപ്പുര
 • ശ്രീ കാര്‍ത്ത്യായനി മുത്തപ്പന്‍‍ ക്ഷേത്രം
 • തൈപ്പറമ്പത്ത് ശ്രീ മുത്തപ്പന്‍ മടപ്പുര

മഠങ്ങള്‍

 1. ശ്രീ അയ്യപ്പമഠം

ശബരിമലയിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ക്ക് വ്രതാനുഷ്ഠാന ത്തിനും ഭജനത്തിനും പൂജാദികര്‍മ്മത്തിനും ഉള്ള കേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കതിരൂരിലെ ഏക അയ്യപ്പമഠമാണ് നാലാംമൈലിലുള്ളത്. 1987ലാണ് ഈ മഠം സ്ഥാപിച്ചത്.

 1. ശ്രീ നാരായണ മഠങ്ങള്‍

ശ്രീ നാരായണധര്‍മ പ്രചരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ടവയാണ് ശ്രീ നാരായണമഠങ്ങള്‍. ചതയദിം കൊണ്ടാടല്‍, വിവാഹത്തിനുള്ള വേദിയൊരുക്കല്‍, വിദ്യാഭ്യാസ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയവ മഠങ്ങള്‍ നിര്‍വ്വഹിക്കുന്നു. ശ്രീജഗനാഥ ക്ഷേത്രത്തില്‍ ഇളനീര്‍ അഭിഷേക ത്തിനുള്ള ഇളനീര്‍ക്കാവ് കൊണ്ടുപോകുന്ന ഭക്തദനങ്ങള്‍ക്കുള്ള വ്രതാനുഷ്ഠാന കേന്ദ്രമായും മഠങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പോക്കായിമുക്ക് ശ്രീ നാരായണമഠമൊഴികെ മറ്റു മഠങ്ങളായ കതിരൂര്‍, കുണ്ടുചിറ, കക്കറ, പൊന്ന്യം സ്രാമ്പി എന്നിവ ആരാധനാ കേന്ദ്രങ്ങളാണ്.

ഇളനീര്‍മഠം കൊട്ടീയൂര്‍ ഉത്സവത്തിന് വ്രതമെടുത്തു പോകുന്ന ഭക്തജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

മുസ്ലീം ആരാധനാലയങ്ങള്‍

 • ജുമാമസ്ജിദ്-കതിരൂര്‍ അഞ്ചാംമൈല്‍
 • ബദരിയ മസ്ജിദ്- സി എച്ച് നഗര്‍
 • കുയ്യണ്ടി ജമാഅത്ത് പള്ളി
 • നൂറുല്‍ഹുദ ജുമ മസ്ജിദ്
 • ജുമ മസ്ജിദ്- പൊന്ന്യം സ്രാമ്പി
 • ഉക്കാസ്മെട്ടയിലെ പള്ളി
 • കതിരൂര്‍ വെസ്റ്റിലെ പള്ളി

എന്നിവയാണ് കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന ഏഴ് പള്ളികള്. അവയോടനുബന്ധിച്ച് മദ്രസകളും പ്രവര്‍ത്തിച്ചുവരുന്നു.

 

Comments are closed.

BeTheme WordPress Theme